കോട്ടയം/തൊടുപുഴ: നവജാത ശിശുക്കളെ വിൽപ്പന നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ കുഞ്ഞിനെ വാങ്ങിയത് കൊല്ലം സ്വദേശിനിയായ കൃഷ്ണശ്രീയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ആറുമാസം മുമ്പ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇതരസംസ്ഥാന സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കൈമാറിയതെന്നാണ് കണ്ടെത്തൽ. പ്രസവച്ചെലവുകൾ വഹിച്ചതും കൊല്ലം സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ ചോദ്യം ചെയ്യും.
തിരുനെൽവേലി സ്വദേശിയായ മുപ്പിലിരാജയാണ് ശിശു വിൽപ്പന ശൃംഖലയിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചത്. മുപ്പിലിരാജ, കൃഷ്ണശ്രീ എന്നിവരടക്കം നാല് പേരെ പ്രതിചേർത്ത് തൊടുപുഴ പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തൊടുപുഴ സി.ഐ സിജോ വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അസം സ്വദേശിനിയുമായി പ്രതികൾ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ വിൽക്കാനുണ്ടോയെന്ന് ചോദിച്ച പ്രതികൾ, ഇല്ലെന്ന് മറുപടി ലഭിച്ചതിനെ തുടർന്ന് രണ്ട് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെയാണ് ആദ്യം യുവതിയെ ബന്ധപ്പെട്ടതെന്നും പിന്നീട് വാട്സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
ആദ്യഘട്ടത്തിൽ അറസ്റ്റിലായ അർജുനും ഇയാളുടെ പങ്കാളിയായ യുവതിയും ചേർന്നാണ് അസം സ്വദേശിനിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. സ്കാനിങ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് ഗർഭിണികളെ കേരളത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
കേസിന്റെ അന്വേഷണം ഇപ്പോൾ ഇടുക്കിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രസവം നടന്ന ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കുട്ടിയെ നിയമാനുസൃത നടപടികൾ പാലിക്കാതെയാണ് കൈമാറിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. അതേസമയം, നേരത്തെ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് കോടതിയെ സമീപിക്കും.












