കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ വിചാരണയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥൻ ആർ. ഹരിദാസന് ദേഹാസ്വാസ്ഥ്യം. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോയ് തോമസ് വധക്കേസിൽ ആർ. ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവിൽ റോയ് തോമസ് വധക്കേസിന്റെ അവസാനഘട്ട വിചാരണയാണ് കോടതിയിൽ പുരോഗമിക്കുന്നത്.
കേസിൽ ഇതിനോടകം 130-ലേറെ സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. ജോളി പ്രതിയായ കേസുകളിൽ ആദ്യ വിധി റോയ് തോമസ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് റോയ് തോമസ് മരിച്ചത്. ഭർത്താവായ റോയ് തോമസിനെ ജോളി വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
2019-ലാണ് കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര പുറത്തറിഞ്ഞത്. 2002 മുതൽ 2016 വരെ കോഴിക്കോട് ജില്ലയിലെ കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറു പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.
റിട്ട. അധ്യാപിക അന്നമ്മ തോമസിന്റെ മരണത്തോടെയാണ് കൊലപാതക പരമ്പര ആരംഭിച്ചതെന്നാണ് അന്വേഷണ കണ്ടെത്തൽ. തുടർന്ന് ഭർത്താവ് ടോം തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു, ഷാജുവിന്റെ ഒരു വയസ്സുകാരി മകൾ ആൽഫൈൻ, ഭാര്യ ഫിലി എന്നിവരും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. വിശദമായ അന്വേഷണത്തിനൊടുവിൽ എല്ലാ മരണങ്ങളും കൊലപാതകങ്ങളാണെന്നാണ് പൊലീസ് കണ്ടെത്തിയത്.


