റിയാദ്: സൗദി അറേബ്യയിൽ അഴിമതിക്കെതിരായ നടപടികൾ ശക്തമാക്കി അഴിമതി വിരുദ്ധ അതോറിറ്റിയായ നസഹ. കഴിഞ്ഞ മേയ് മാസത്തിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ 160 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു.
ഹജ്ജ് സീസണിനോടനുബന്ധിച്ച് പുണ്യസ്ഥലങ്ങളിലും തീർഥാടകർക്കായി സേവനങ്ങൾ ഒരുക്കുന്ന മേഖലകളിലും ഉൾപ്പെടെ 15,000ത്തിലധികം പ്രത്യേക പരിശോധനകളാണ് നസഹ നടത്തിയത്. ഇതിന് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,365 പരിശോധനാ പര്യടനങ്ങളും പൂർത്തിയാക്കി.
പരിശോധനകളുടെ തുടർച്ചയായി 480 ജീവനക്കാർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റിലായവരിൽ ചിലരെ നിയമപരമായ ജാമ്യത്തിൽ വിട്ടയച്ചതായും നസഹ വ്യക്തമാക്കി. അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ, മുനിസിപ്പൽ-ഗ്രാമകാര്യ, ഭവന നിർമാണ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതുഫണ്ടുകളുടെ ദുരുപയോഗം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.






