ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്താൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക്. ദില്ലിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. പ്രതിഷേധത്തിൽ താനും പങ്കെടുക്കുമെന്ന് സോനം വാങ്ചുക്ക് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ജൂൺ 6-ന് ലഡാക്കിൽ നിന്ന് ദില്ലിയിലെത്തുമെന്നും ജന്തർ മന്തറിൽ പ്രതിഷേധക്കാരെ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏതെങ്കിലും കാരണവശാൽ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്താൽ തനിക്ക് ഇഷ്ടമില്ലാത്ത ഒരു നടപടിയിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരമൊരു സാഹചര്യമുണ്ടായാൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും, ഇത്തവണത്തെ സമരം ആറാഴ്ചയോ 42 ദിവസമോ വരെ നീണ്ടുനിൽക്കുമെന്നും സോനം വാങ്ചുക്ക് പറഞ്ഞു. അതിന് താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജന്തർ മന്തറിൽ ഇന്ന് രാവിലെ നടക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകാനായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തി. അമേരിക്കയിൽ നിന്ന് വിമാനമാർഗം എത്തിയ അദ്ദേഹം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ജന്തർ മന്തറിലേക്ക് തിരിച്ചു.
ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറുടെ ചിത്രം ഉയർത്തിക്കാട്ടിയാണ് അഭിജിത് ദീപ്കെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തെ സ്വീകരിക്കാനായി നിരവധി അനുയായികൾ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.






