ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടിക്ക് അവസാന നിമിഷം ഡൽഹി പൊലീസിന്റെ അനുമതി. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപിയുടെ ഔദ്യോഗിക പ്രതിനിധികളിൽ ഒരാളായ വിജേതാ ദഹിയ പറഞ്ഞു. നിലവിൽ സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ള ഭാരവാഹികൾ ജന്തർ മന്ദറിൽ എത്തിയിട്ടുണ്ട്.
പാർലമെന്റിലേക്കല്ല, ജന്തർ മന്ദറിലേക്ക് വരണമെന്ന് സൗരവ് ദാസ് സിജെപി അനുകൂലികളോട് ആഹ്വാനം ചെയ്തു. ഡൽഹിയിലെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഡൽഹി പൊലീസുമായി സംസാരിച്ചു. വൻ പൊലീസ് സന്നാഹത്തോടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഭിജീത് പുറത്തിറങ്ങിയത്.
ഡോ. ബി.ആർ അംബേദ്കറുടെ ‘എന്റെ ആത്മകഥ’ ഉയർത്തിപിടിച്ചാണ് അഭിജീത് ഡൽഹിയിലെത്തിയത്. എല്ലാവരും ജന്തർ മന്ദറിലേക്ക് എത്തണമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അഭിജീത് ദീപ്‌കെ ഇൻസ്റ്റഗ്രാം ലൈവിലൂടെ അഭ്യർത്ഥിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ദീപ്‌കെ ആവർത്തിച്ചു.
പ്രതിഷേധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ജന്തർ മന്ദറിലുടനീളം 2000ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കും.
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, നടൻ പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തുടങ്ങിയവർ സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എസ്എഫ്‌ഐ, ഐസ എന്നീ വിദ്യാർത്ഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.






