ബത്തേരി: വയനാട്ടിലെ കോളിയാടിയിലെ സ്വകാര്യ സ്കൂളിലെ നാൽപതോളം വിദ്യാർഥികൾ ഛർദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ കുട്ടികളാണ് ആശുപത്രിയിലെത്തിയത്. സ്കൂളിൽ നിന്ന് ലഭിച്ച ഭക്ഷണത്തിലോ കുടിവെള്ളത്തിലോ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഒരേസമയം നിരവധി കുട്ടികൾക്ക് സമാന രോഗലക്ഷണങ്ങൾ പ്രകടമായതോടെ സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു. ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലും നിരവധി വിദ്യാർഥികൾ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൂറോളം കുട്ടികൾ പ്രാഥമിക ചികിത്സ നേടിയതായി റിപ്പോർട്ടുകളുണ്ട്.
വയറിളക്കം, ഛർദി, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയൽ അണുബാധയാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി രക്തസാംപിളുകൾ മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
ഇത് ഭക്ഷ്യവിഷബാധയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. സിന്ധു അറിയിച്ചു. രക്തസാംപിളുകളുടെ ബ്ലഡ് കൾച്ചർ പരിശോധനാഫലം ലഭിച്ചതിന് ശേഷമേ രോഗകാരണം വ്യക്തമാകൂ എന്നും അവർ പറഞ്ഞു.
നെന്മേനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് ജീവനക്കാർ പ്രദേശത്ത് പരിശോധന നടത്തി രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലാണ് അന്വേഷണവും പരിശോധനകളും നടക്കുന്നത്. ഫീൽഡ് റിപ്പോർട്ടുകളും ലബോറട്ടറി ഫലങ്ങളും ലഭിച്ചതിന് ശേഷമേ രോഗബാധയുടെ കൃത്യമായ കാരണം വ്യക്തമാകൂ.
നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ചില കുട്ടികൾക്ക് കടുത്ത പനിയുണ്ടെങ്കിലും ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.






