കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏകദേശം 9.30ഓടെയാണ് അപകടം നടന്നത്.
അഫാൻ ഓടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഇതു വ്യക്തമായതായി പറയുന്നു. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ അഫാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






