മലപ്പുറം: ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ യുവ പരിസ്ഥിതി പ്രവർത്തകൻ ഷാഹിൻ (38) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് സ്വദേശിയായ ഷാഹിൻ വ്യാഴാഴ്ച രാത്രി മീൻപിടിക്കാൻ പോയതായിരുന്നു.
രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ, തിരുവാലി ഫയർഫോഴ്സ്, എടവണ്ണ പോലീസ്, രക്ഷാപ്രവർത്തകർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തി. അർധരാത്രിയോടെ പുഴയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. പുഴയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ തോണി കണ്ട നാട്ടുകാരാണ് ആദ്യം സംശയം പ്രകടിപ്പിച്ച് തിരച്ചിൽ ആരംഭിച്ചത്.
വർഷങ്ങളായി സ്വന്തം തോണിയിൽ ചാലിയാറിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പുഴ ശുചീകരിക്കുന്ന പ്രവർത്തനങ്ങളിലൂടെ ഷാഹിൻ ശ്രദ്ധ നേടിയിരുന്നു. ഈ പ്രവർത്തനങ്ങൾ നിരവധി മാധ്യമങ്ങളിൽ വാർത്തയായിട്ടുമുണ്ട്.
റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉമ്മറിന്റെ മകനായ ഷാഹിന്‍ ചാലിയാറുമായി ഏറെ അടുപ്പമുണ്ടായിരുന്നു. മീൻപിടുത്തത്തിനൊപ്പം പുഴയിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും അദ്ദേഹം പതിവാക്കിയിരുന്നു. വലവീശി കാത്തിരിക്കുന്ന സമയങ്ങളിൽ പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തോണിയിൽ നിറയ്ക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശീലം.






