അബുദാബി: യുഎഇയിൽ കടുത്ത വേനൽക്കാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കായുള്ള മധ്യാഹ്ന വിശ്രമവേള ഈ വർഷം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ ഉണ്ടാവുക.
നിലവിലുള്ള നിയമപ്രകാരം ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണിവരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് പൂർണ്ണമായി നിരോധിച്ചിട്ടിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കമ്പനികൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തും.
ഈ നിയമം ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തും. ഒരു തൊഴിലാളിക്ക് 5,000 ദിർഹം (ഏകദേശം 1.13 ലക്ഷം രൂപ) വീതമാണ് പിഴ ചുമത്തുക. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കാവുന്നതാണ്.
ഔദ്യോഗികമായി ‘ഒക്യുപേഷണൽ ഹീറ്റ് സ്ട്രെസ് പ്രിവൻഷൻ പോളിസി’ എന്നറിയപ്പെടുന്ന ഈ വർഷംതോറുമുള്ള പദ്ധതി, വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.






