പാലക്കാട്: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ ഇവരെ ഇടുക്കി ദേവികുളത്തിൽ നിന്നാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് ഞായറാഴ്ച പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി മുനീറിന്റെ കാറാണ് ഒലവക്കോട് റെയിൽവേ പാലത്തിന് സമീപത്ത് നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. കാറിൽ മുനീറിന്റെ സഹോദരൻ ഷെമീറും സുഹൃത്തുക്കളായ മുഹമ്മദ്, സൽമാൻ ഖാരിസ്, നിഖിൽ എന്നിവരും ഉണ്ടായിരുന്നു.
കാർ തടഞ്ഞുനിർത്തിയ സംഘം ഇരുമ്പുകമ്പി ഉപയോഗിച്ച് വാഹനത്തിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡ്രൈവറും മുൻസീറ്റിലുണ്ടായിരുന്ന ഒരാളും രക്ഷപ്പെട്ടു. തുടർന്ന് നാലുപേർ കാറിൽ കയറി യാത്രക്കാരുടെ മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് കാർ കൊണ്ടുപോയി.
കാറിൽ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സംശയിച്ച സംഘം യാത്രക്കാരെ മർദിക്കുകയും പണം ഇല്ലെന്ന് അറിഞ്ഞതോടെ അവരുടെ കൈവശമുണ്ടായിരുന്ന 15,000 രൂപയും നാല് ഐഫോണുകളും കവർന്നെടുക്കുകയും ചെയ്തു. പിന്നീട് രണ്ടിടങ്ങളിലായി ഇവരെ ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു.
അന്വേഷണം ആരംഭിച്ച പോലീസ് ദേശീയപാതയിൽ നിന്ന് അക്രമിസംഘം ഉപേക്ഷിച്ച ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തിന് നിർണായക സൂചനയായത്. തട്ടിക്കൊണ്ടുപോയ കാർ പിന്നീട് തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ചെങ്ങാലൂർ മാട്ടുമലയിലെ ഒരു റബ്ബർതോട്ടത്തിൽ തകർന്ന നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ ഉൾവശം പൂർണമായും നശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പിടിയിലായ പ്രതികളെ പാലക്കാട്ടെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലും നിയമനടപടികളും തുടരും. ദേശീയപാതയിൽ കുഴൽപ്പണക്കവർച്ച നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന സംശയവും പോലീസ് പ്രകടിപ്പിച്ചു.






