ജി സുധാകരൻ-സിപിഎം വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. ഈ തെരഞ്ഞെടുപ്പ് കാലം മുഴുവനും സിപിഎമ്മിനേയും പിണറായി വിജയനേയും രൂക്ഷമായി വിമർശിച്ച് വിമതനായി മാറിയതാണ് ജി സുധാകരനെങ്കിലും അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങൾ അൽപം അതിര് കടന്നില്ലേ എന്ന് സംശയം. പാർട്ടി നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് സുധാകരൻ നടത്തിയ പരാമർശങ്ങളാണ് വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്.
മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷന നേതാവുമായ പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് വിളിച്ചായിരുന്നു ആക്ഷേപം. വെള്ളത്തിൽ വീണ് നനഞ്ഞ അവസ്ഥയാണ് നിലവിൽ അദ്ദേഹത്തിൻറേതെന്നും സുധാകരൻ പരിഹസിച്ചു. ഒപ്പം ബാലഗോപാലിനും കിട്ടി ഒരു കൊട്ട്. ബാലഗോപാലന് സഭയിൽ മിണ്ടാട്ടമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പറയാൻ ഒരു സിപിഎം നേതാവിനും കഴിയുന്നില്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി ലീഗാണെന്ന് പറയുന്നതിന്റെ പിന്നിലെ ലോജിക് സുധാകരന് മാത്രം അറിയാവുന്ന ഒന്നായിരിക്കും. ലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്ന് വിശേഷിപ്പിച്ച ഒരാളാണ് സുധാകരൻ എന്ന് ലീഗുകാരും മറുന്ന് കാണും. ആ പാർട്ടിയുമായി തെറ്റുന്ന ഒരു ഘട്ടം വന്നാൽ നാളെ വീണ്ടും തള്ളിപ്പറയാം.
എന്നാൽ പ്രതീക്ഷിച്ച പോലെ അതിന് മറുപടിയുമെത്തി. കള്ള് വാങ്ങികൊടുത്താൽ ആരേയും തെറിപറയുന്ന കോമാളിയായി സുധാകരൻ അധപതിച്ചുവെന്നാണ് സുധാകരന്റെ പഴയ ശിഷ്യനായ എച്ച് സലാമിന്റെ മറുപടി. പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ എന്ന് ചോദിച്ച സലാം, സുധാകരൻ സമൂഹത്തിൽ നിവർന്ന് നിൽക്കുന്നത് തന്നെ പിണറായിയുടെ ഔദാര്യത്തിലാണെന്ന് പറഞ്ഞുവെക്കുന്നു. ഒപ്പം കഴിഞ്ഞ കുറച്ച് നാളുകളായി എയറിലുള്ള ഒരു ആരോപണവും എടുത്തിടുന്നുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി അല്ലാതിരുന്ന സുധാകരൻ എന്തിന് പണം പിരിച്ചു എന്നതാണ് ആ ചോദ്യം. സമൂഹത്തിൽ സിപിഎമ്മിൻറെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തൊന്നും ഇവർ നന്നാകാൻ പോകുന്നില്ല.’ സുധാകരൻ കൂട്ടിച്ചേർത്തു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് സീറ്റ് നിഷേധിക്കപ്പെട്ടതു മുതലാണ് ഈ പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്നടക്കം ഒഴിവാക്കപ്പെട്ട അദ്ദേഹം, തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാർട്ടി വിടുകയും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയുമായിരുന്നു. 2021ൽ സീറ്റ് കിട്ടുമെന്ന് കരുതി പിരിച്ച ഫണ്ടാണ് ഇപ്പോൾ ചർച്ചാ വിഷയം. അന്ന് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താനാണ് ഇപ്പോൾ സലാമിന്റെ വെല്ലുവിളി. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ സുധാകരന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
ആരിൽ നിന്ന് എത്രയൊക്കെ ലക്ഷങ്ങൾ പിരിച്ചു എന്ന കാര്യത്തിൽ അഞ്ച് വർഷം കഴിഞ്ഞിട്ടും സുധാകരൻ ഒരക്ഷരം മിണ്ടിയിട്ടില്ല. അദ്ദേഹത്തിന്റെ അഴിമതി മുഖം പുറത്ത് വരാതിരുന്നത് പിണറായി വിജയന്റെ കാരുണ്യം കൊണ്ടാണെന്ന് പറയുമ്പോൾ, പാർട്ടിക്ക് ഇതേ പറ്റി നല്ല വ്യക്തമായ അറിവുണ്ട് എന്ന് മനസിലാക്കാം. എങ്കിലും ഇത്രയുമൊക്കെ സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോഴും പാർട്ടിയിലെ ഉന്നത നേതൃത്വം മറുപടി കൊടുക്കാനോ തിരിച്ച് ആക്ഷേപം ഉന്നയിക്കാനോ മെനക്കെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സലാമും ജില്ലയിലെ പ്രാദേശിക-ഡിവൈഎഫ് നേതാക്കളുമായി സുധാകരന് മറുപടിയുമായി ഇറങ്ങുന്നത്.
എന്നാൽ ഇത്തവണ സലാമിന് പുറമെ കൂടുതൽ നേതാക്കൾ സുധാകരനെതിരെ രംഗത്ത് വരുന്നുണ്ട്. സ്വന്തം കാര്യം കാണാൻ ഏതറ്റം വരേയും പോകുന്ന അഭിനവ പാഷാണം വർക്കിയെന്ന് വിശേഷിപ്പിച്ചാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബുവിന്റെ പ്രതികരണം. അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവമാണ് സുധാകരന്റേതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചന്ദ്രബാബു വിമർശിച്ചു. പണ്ട് ഗൗരിയമ്മ പാർട്ടി ആവശ്യത്തിനായി പിരിച്ച പണം പിന്നീട് ആവശ്യം വരാതെ വന്നപ്പോൾ തിരിച്ച് ജനങ്ങൾക്ക് തന്നെ കൊടുത്ത ചരിത്രം ഓർമിപ്പിച്ചാണ് അദ്ദേഹം സുധാകരനെ വിമർശിക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് സമർപ്പിച്ച സുധാകരന്റെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ പരാമർശങ്ങൾ മാത്രമല്ല, ഈ കാലയളവിൽ സുധാകരന്റേതായി വന്ന സ്ത്രീവിരുദ്ധ പരാമർശങ്ങളും ചർച്ചയായിട്ടുള്ളതാണ്. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺമാരായി മുൻകാലത്ത് പ്രവർത്തിച്ചത് സിപിഎം ഏരിയാകമ്മറ്റി അംഗങ്ങളായ രണ്ട് വനിതാ നേതാക്കളാണ്. അവരെ ജി.സുധാകരൻ അധിക്ഷേപിച്ച് വിളിച്ചത് ‘ ഒരുത്തി’ എന്നാണ്. മുൻപ് ഷാനിമോൾ ഉസ്മാനെയും ഉഷാ സാലിയെയും ഈ തെരഞ്ഞെടുപ്പ് വേളയിൽ സി എസ് സുജാതയെയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി അധിക്ഷേപിച്ചിരുന്നു.
ജി സുധാകരന്റെ കഴിഞ്ഞ കുറച്ച് കാലത്തെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാൽ ചുറ്റുമുള്ളവരിൽ നിന്ന് കൈയ്യിടി കിട്ടുമെങ്കിൽ എന്തും വിളിച്ച് പറയാനുള്ള ട്രെൻഡ് അദ്ദേഹം കാണിക്കുന്നുണ്ട്. ഇന്ന് കൂടെ നിന്ന് ചിരിക്കുന്നവർ കോൺഗ്രസുകാരാണ്. ഉന്നത നേതാക്കൾ മുതൽ പ്രദേശിക പ്രവർത്തകരെ വരെ ആരേയും അധിക്ഷേപിക്കുവാനുള്ള ലൈസൻസ് ആണ് വോട്ടർമാർ താങ്കൾക്ക് തന്നത് എന്ന തോന്നൽ അദ്ദേഹത്തിന് കാണുമായിരിക്കും. എന്തായാലും ഈ ഉരസൽ വാക്പോരിന് അപ്പുറത്തേക്കുള്ള കൂടുതൽ നീക്കങ്ങളിലേക്ക് പാർട്ടി നേതൃത്വം കടക്കുമോ എന്നതാകും വരും ദിവസങ്ങളിലെ കോളിളക്കങ്ങൾ.






