മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഭൂചലനത്തിൽ 19 പേർ മരിക്കുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.37നാണ് ഉണ്ടായത്.
ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
ആദ്യ ഭൂചലനത്തിന് പിന്നാലെ 1.3 മുതൽ 6.7 വരെ തീവ്രത രേഖപ്പെടുത്തിയ 130-ലധികം തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃത്യമായി പരിക്കേറ്റവരുടെ എണ്ണം ദേശീയ ദുരന്തനിവാരണ കൗണ്‍സില്‍ സംഭവം നടന്ന ഒരു ദിവസത്തിന് ശേഷമേ പുറത്തുവിടുകയുള്ളു. പൊലീസ്, പ്രാദേശിക ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ എന്നിവ നല്‍കുന്ന കണക്കുകള്‍ കണക്കാക്കി മാത്രമേ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടുകയുള്ളു.
സംഭവത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജുനിയര്‍ പ്രതികരണവുമായി എത്തി. ദുരന്തബാധിത പ്രദേശങ്ങളെ സർക്കാർ കൈവിടില്ലെന്നും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഏകോപിപ്പിച്ചുവരുകയാണെന്നും അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പസഫിക് സമുദ്ര തടത്തിലെ റിംഗ് ഓഫ് ഫയറില്‍ മേഖലയിലാണ് ഫിലിപ്പീൻസ് സ്ഥിതി ചെയ്യുന്നത്. ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും പതിവായി ഉണ്ടാകുന്ന മേഖലയായതിനാൽ രാജ്യത്ത് ഇത്തരം പ്രകൃതി ദുരന്തങ്ങൾ സാധാരണമാണെങ്കിലും, ചിലപ്പോൾ വൻ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കുമിടയാക്കാറുണ്ട്.






