ദിബ്രുഗഢ്: അസമിൽ പ്രഭാത നടത്തത്തിനിടെ തട്ടികൊണ്ടുപോയ 18 കാരിയായ പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിലെ ചാക്കിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതി നടക്കാൻ ഇറങ്ങിയപ്പോൾ അജ്ഞാതരായ പ്രതികൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ദിബ്രുഗഢ് ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ പൊലീസ് ഓഫീസിൽ വിവരം അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ ഒരു ബാഗ് കണ്ടെത്തി. പ്ലാറ്റ്‌ഫോമിൽ അസാധാരണമായ നിലയിൽ കാണപ്പെട്ട ബാഗ് യാത്രക്കാരൻ കാണുകയും റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് ചാക്കിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യുവതിയെ രക്ഷിച്ചു. പിന്നീട് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കും അയച്ചു.
സംഭവത്തിൽ പ്രതികളെ തിരിച്ചറിയാനും പിടിക്കാനും ദിബ്രുഗഢ് പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളും സമീപ പ്രദേശങ്ങളിലെയും പ്രധാന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.




