കൊളംബോ: ശ്രീലങ്കക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സിൽ 207 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് അടിച്ചെടുത്ത് ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിച്ചു.
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 6 വിക്കറ്റിന് 357 ഡിക്ല, രണ്ടാം ഇന്നിങ്‌സ് 4 വിക്കറ്റിന് 214 റൺസ്. ശ്രീലങ്ക ഇലവൻ ഒന്നാം ഇന്നിങ്‌സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 363 ഡിക്ല, രണ്ടാം ഇന്നിങ്‌സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 ഡിക്ല.
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്കായി ഓപ്പണർ യശസ്വി ജയ്‌സ്വാൾ 61 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി. ശുഭ്മാൻ ഗിൽ (44) രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനു ഇറങ്ങി. ഇരുവരും ചേർന്ന ഓപ്പണിങ് ഇന്ത്യക്ക് 105 റൺസിന്റെ മികച്ച തുടക്കം നൽകി. ഋഷഭ് പന്ത് (28), ധ്രുവ് ജുറേൽ (17) എന്നിവർ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ഔട്ടായി. രവീന്ദ്ര ജഡേജ 22 റൺസെടുത്തു റിട്ടയേർഡ് ഹർട്ടായി.
വാലറ്റത്ത് 15 പന്തിൽ 4 സിക്‌സും 1 ഫോറും സഹിതം 32 റൺസ് വാരിയെടുത്ത മുഹമ്മദ് സിറാജ് അതിവേഗം ഇന്ത്യൻ ജയം പൂർത്തിയാക്കി. താരം പുറത്താകാതെ നിന്നു. അവസാന ഓവറിൽ താരം ഹാട്രിക്ക് സിക്സും പിന്നാലെ ഒരു ഫോറും തൂക്കി ഇന്ത്യയെ അതിവേഗം ജയത്തിലെത്തിക്കുകയായിരുന്നു.












