മലപ്പുറം: താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇംതിയാസ് ബാംഗ്ലൂരിലെ സാറ്റലൈറ്റ് പ്രദേശത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലെ പാർക്കും സാറ്റലൈറ്റ് ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഏഴിനാണ് ഇംതിയാസിനെ കാണാതായത്.
നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ഇംതിയാസ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിലെത്തിയതിന് പിന്നാലെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഇംതിയാസിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. നിലവിൽ താനൂർ പൊലീസാണ് ബാംഗ്ലൂരിൽ അന്വേഷണം നടത്തുന്നത്. ഇംതിയാസിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.


