ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി പ്രധാനമന്ത്രിപദം വഹിച്ച നേതാവെന്ന നേട്ടം സ്വന്തമാക്കിയ വേളയിൽ, കഴിഞ്ഞ 12 വർഷത്തെ തന്റെ സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, നികുതി ഇളവുകൾ, ദേശീയ സുരക്ഷ എന്നിവയിൽ സർക്കാർ കൈവരിച്ച പുരോഗതിയാണ് മോദി എടുത്തുപറഞ്ഞത്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘സേവനം, സദ്ഭരണം, സമൃദ്ധി’ എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന പദ്ധതികൾ, പി.എം. ആവാസ് യോജന വഴി 4 കോടിയിലധികം വീടുകളുടെ നിർമ്മാണം, ഉജ്ജ്വല പദ്ധതിയിലൂടെ 10.5 കോടിയിലധികം എൽ.പി.ജി. കണക്ഷനുകൾ, 12 കോടിയിലധികം ശൗചാലയങ്ങളുടെ നിർമാണം എന്നിവ പ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീ ശാക്തീകരണ രംഗത്ത് 32 കോടിയിലധികം ജൻധൻ ബാങ്ക് അക്കൗണ്ടുകൾ സ്ത്രീകൾക്കായി തുറന്നതായും സായുധ സേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ അനുവദിച്ചതായും മോദി പറഞ്ഞു. ‘ലക്ഷ്പതി ദീദി’ പദ്ധതിയിലൂടെ 3 കോടി സ്ത്രീകൾ വാർഷികമായി കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനം നേടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടൽ സേതു, സുദർശൻ സേതു, ചെനാബ് റെയിൽവേ പാലം, ബോഗിബീൽ പാലം, പാമ്പൻ കടൽപ്പാലം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളും രാജ്യത്തെ മെട്രോ ശൃംഖലയുടെ വിപുലീകരണവും വന്ദേ ഭാരത് ട്രെയിനുകളുടെ വർധനവും വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 164 ആയി ഉയർന്നതും അദ്ദേഹം എടുത്തുപറഞ്ഞു.
ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 60 കോടിയിലധികം പേർക്ക് ആരോഗ്യപരിരക്ഷ ലഭിച്ചതായും 70 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. 19,000-ലധികം ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ കയറ്റുമതി 38,400 കോടി രൂപയായി ഉയർന്നതും ഭീകരവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായ നടപടികൾ ശക്തിപ്പെടുത്തിയതും സർക്കാരിന്റെ നേട്ടങ്ങളായി അദ്ദേഹം വിശേഷിപ്പിച്ചു.
പി.എം.-കിസാൻ പദ്ധതിയിലൂടെ 4.3 ലക്ഷം കോടി രൂപയിൽ അധികം കർഷകർക്ക് നേരിട്ട് കൈമാറിയതായും 2 ലക്ഷം കോടി രൂപയിൽ അധികം വിലമതിക്കുന്ന വിള ഇൻഷുറൻസ് ക്ലെയിമുകൾ നാല് കോടിയിലധികം കർഷകർക്ക് നൽകിയതായും മോദി വ്യക്തമാക്കി.
പുതിയ ആദായനികുതി സംവിധാനപ്രകാരം വാർഷികം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ബാധകമല്ലെന്നതും അദ്ദേഹം എടുത്തുപറഞ്ഞു. രാമക്ഷേത്രം, കാശി വിശ്വനാഥ് ധാം, മഹാകാൽ ലോക്, കേദാർനാഥ് ധാം തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.






