ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു. 18കാരനായ കേതൻ ലാൽ എന്ന ദളിത് യുവാവിനെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. തെഹ്‌രി ഗാർഹ്വെൽ ജില്ലയിലെ ഖോൽഗാർഹ് ഗ്രാമത്തിലാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കേതൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പെൺകുട്ടിയുടെ പിതാവ് യശ്വീർ സിംഗ്, മുത്തശ്ശൻ വിദ്യ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കേതന്റെ കുടുംബവും നാട്ടുകാരും ആക്രമണത്തിൽ ഏർപ്പെട്ട എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മകന്റെ മൃതദേഹം ഏറ്റെടുക്കില്ല” എന്നാണ് കേതന്റെ കുടുംബം അറിയിച്ചു.
മർദ്ദനത്തിൽ നഖങ്ങളും കാല്‍വിരലുകളും പിഴുതുകളഞ്ഞുവെന്നും ജനനേന്ദ്രിയം ഉൾപ്പെടെ മാരകമായി മർദ്ദിച്ചതായും ശരീരത്തിൽ ഗുരുതര മുറിവുകൾ ഉണ്ടായിരുന്നു എന്നും കേതൻ ലാലിന്റെ പിതാവ് മൊഴി നൽകി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുവെന്നും, പെൺകുട്ടി കഴിഞ്ഞ ആറു മാസമായി കേതനുമായി ബന്ധത്തിലായിരുന്നെന്നും പൊലീസ് അറിയിച്ചു. നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. നിലവില്‍ കുടുംബത്തിന് 8.2 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.






