വ്യാജ പൈലറ്റ് ലൈസന്‍സ് ഉപയോഗിച്ച് 17 വര്‍ഷത്തോളം വിമാനം പറത്തിയ മുന്‍ എയര്‍ കാനഡ പൈലറ്റ് ജെഫ്രി വാള്‍ അറസ്റ്റിലായി. കാനഡയില്‍ ആവശ്യമായ ലൈസന്‍സുകളോ നിര്‍ബന്ധിത യോഗ്യതാ പരിശോധനകളോ പൂര്‍ത്തിയാക്കാതെയാണ് ഇയാള്‍ വര്‍ഷങ്ങളോളം വിമാന സര്‍വീസുകള്‍ നടത്തിയതെന്ന് കനേഡിയന്‍ പൊലീസ് അറിയിച്ചു.
തട്ടിപ്പ്, വ്യാജരേഖ നിര്‍മാണം, വ്യാജ മുദ്ര കൈവശം വെയ്ക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് ജെഫ്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2009 മുതല്‍ 2025 വരെ ഏകദേശം ആയിരത്തോളം ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസുകളില്‍ പൈലറ്റായി ജോലി ചെയ്ത ഇയാള്‍ പിന്നീട് പൈലറ്റ് ഇന്‍ കമാന്‍ഡ് പദവിയിലേക്കും ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ ബോയിംഗ് 767, 777, 787 വിമാനങ്ങള്‍ പറത്തിയതോടൊപ്പം ഏകദേശം 30 ലക്ഷം കനേഡിയന്‍ ഡോളര്‍ ശമ്പളമായും കൈപ്പറ്റി.
2025-ല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണ് രേഖകളിലെ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എയര്‍ കാനഡ അധികൃതരെ വിവരമറിയിക്കുകയും, ജെഫ്രി വിരമിച്ച ശേഷമാണ് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
അന്വേഷണത്തില്‍ വാണിജ്യ വിമാനങ്ങള്‍ പറത്തുന്നതിനുള്ള അടിസ്ഥാന ലൈസന്‍സ് ഇയാള്‍ക്കുണ്ടായിരുന്നെങ്കിലും, യാത്രാവിമാനങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ബന്ധമായ എയര്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് (ATPL) ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഫാമിലി മെഡിസിന്‍ പരിശീലിക്കാന്‍ അനുമതിയുള്ള ഒരു ഡോക്ടര്‍ ബ്രെയിന്‍ സര്‍ജറി നടത്തുന്നതിന് തുല്യമായ ഗുരുതരമായ നിയമലംഘനമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.






