തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതി രൂക്ഷമായി. വിവിധ ജില്ലകളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയിൽ മൂന്ന് പേർ മരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ആശയവിനിമയം നടത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ റവന്യൂ മന്ത്രി നേരിട്ട് ഏകോപിപ്പിക്കുമെന്നും രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയും പോലീസും സജ്ജമാണെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സയും ദുരിതബാധിതർക്കുള്ള പുനരധിവാസവും വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരു യുവാവ് മരിച്ചു. സംഭവത്തിൽ യുവാവിന്റെ അമ്മയെ കാണാതായിട്ടുണ്ട്. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72-കാരനും മരിച്ചു.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ സ്ഥിതി അതീവ ഗുരുതരമാണ്. വ്യാപകമായി വെള്ളം കയറിയതോടെ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ഡിങ്കി ബോട്ടുകൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
തൂമ്പാക്കുളത്ത് ഉരുൾപൊട്ടലും അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും വെള്ളത്തിനടിയിലായതും ഗതാഗതം തടസപ്പെടുത്തി. ഏകദേശം 400 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


