തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വീണ്ടും ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 8.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും കള്ളക്കടൽ പ്രതിഭാസം മൂലം ഇന്ന് വൈകുന്നേരം 5.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.






