കാസർകോട്: അമിത വേഗതയിൽ സഞ്ചരിച്ച രണ്ട് കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. കാസർകോട് കന്യപ്പാടിയിൽ ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് രണ്ട് കാറുകളിലായി ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് കാറുകളും പൂർണമായി തകർന്നു.
കെഎ 21 സി 0338 നമ്പർ ലോറിയിലാണ് കെഎൽ 14 എഇ 0915 നമ്പർ വെള്ള സ്വിഫ്റ്റും കെഎൽ 14 എജെ 0035 നമ്പർ കറുത്ത സ്വിഫ്റ്റും ഇടിച്ചത്. അപകടത്തെ തുടർന്ന് ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടുകയും റോഡിൽ ഡീസലും ഓയിലും വ്യാപിക്കുകയും ചെയ്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. വിജിതിൻ കൃഷ്ണൻ, അതുൽ രവി, സി. കെ. അഭിനന്ദ്, എൻ. പി. രാകേഷ്, ഒ. കെ. പ്രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.












