കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ ഒന്നരവർഷത്തോളം അലക്ക്-ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരൻ പിടിയിൽ. ബിപ് ലോബ് സോറൻ (32) ആണ് നാവികസേനാ അധികൃതരുടെ പിടിയിലായത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളില്ലാതെയാണ് ഇയാൾ അക്കാദമിയിൽ ജോലി ചെയ്തിരുന്നതെന്നാണ് കണ്ടെത്തൽ.
പ്രധാന സൈനികകേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷത്തിലേറെയായി വിദേശപൗരൻ ജോലി ചെയ്ത സംഭവത്തെ സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്താം ക്ലാസ് വരെ ബംഗ്ലാദേശിൽ പഠിച്ച സോറൻ പിന്നീട് മുർഷിദാബാദിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊൽക്കത്ത ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്ത ഇയാൾ പിന്നീട് ഗുജറാത്ത്, ഛത്തീസ്ഗഢ്, മുംബൈ എന്നിവിടങ്ങളിലും താമസിച്ചിരുന്നു. മുർഷിദാബാദ് നബാഗ്രാമിൽനിന്നാണ് വിവാഹം കഴിച്ചത്. ഇയാൾക്ക് ഒരു കുട്ടിയുമുണ്ട്.
ഭാര്യയുടെ പിതാവിന്റെ പരിചയത്തിലുള്ള, നാവികസേനയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നയാളാണ് സോറന് ഏഴിമല നാവിക അക്കാദമിയിൽ ജോലി തരപ്പെടുത്തിക്കൊടുത്തതെന്നാണ് പൊലീസ് പറയുന്നത്. അലക്ക്-ശുചീകരണ വിഭാഗത്തിലായിരുന്നു ജോലി. ഭാര്യക്കൊപ്പമാണ് ഒന്നരവർഷമായി ഏഴിമലയിൽ താമസിച്ചിരുന്നത്. ഭാര്യയും അക്കാദമിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു.
പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വെള്ളിയാഴ്ച നാവിക അക്കാദമി ഉദ്യോഗസ്ഥർ സോറനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. തുടർന്നാണ് ഇയാളുടെ ബംഗ്ലാദേശ് പൗരത്വവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം നാവികസേനാ അധികൃതർ സോറനെ പയ്യന്നൂർ പൊലീസിന് കൈമാറി.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025, ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട് 1923 എന്നിവ പ്രകാരമാണ് കേസെടുത്തത്. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബിപ് ലോബ് സോറനെ റിമാൻഡ് ചെയ്തു.
അതിനിടെ, വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂർ നഗരത്തിലെ സ്പാ മസാജ് സെന്ററിൽ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെ കണ്ണൂർ ടൗൺ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.












