പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ പത്തനംതിട്ട എസ്.പി ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഐ.ജിക്ക് കൈമാറി.
പോക്സോ കേസിലെ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചെന്നായിരുന്നു 23കാരന്റെ പരാതി. മർദ്ദനത്തിൽ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റതായും യുവാവ് പരാതിയിൽ പറഞ്ഞിരുന്നു.
സംഭവം സംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പത്തനംതിട്ട എസ്.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.


