തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഗ്രൗണ്ടുകൾ കൂടുതൽ സമയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത് പരിഗണനയിലാണെന്ന് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്. പൊതുസമൂഹത്തിനും സ്കൂൾ ഗ്രൗണ്ടുകൾ ഉപയോഗിക്കാൻ അവസരം ഒരുക്കുമെന്നും, കളിക്കളങ്ങൾ അടച്ചിട്ട ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞകൾ എടുക്കുന്നതിൽ മാത്രം കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കളിക്കളങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എംഎൽഎ, എംപി ഫണ്ടുകൾ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി കൂടുതൽ കളിയിടങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളം ഫുട്ബോളിനെ ഹൃദയത്തോട് ചേർത്ത ജനതയാണെന്നും യുവാക്കളെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനെയും മന്ത്രി പരാമർശിച്ചു. ഫുട്ബോൾ ഇതിഹാസങ്ങളായ മെസിയും റൊണാൾഡോയും കളിമൈതാനങ്ങളിൽ നിന്ന് വിരമിച്ചാലും ആരാധകരുടെ മനസുകളിൽ അവർ എന്നും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായിക സംസ്കാരം ശക്തിപ്പെടുത്തുന്നതിനും യുവാക്കൾക്ക് കൂടുതൽ കളിസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതികൾ പരിഗണിക്കുന്നത്.






