കൊച്ചി: താരസംഘടനയായ അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി നടി അന്‍സിബ. നോട്ടീസില്‍ വ്യക്തതയില്ലെന്നും താന്‍ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് വ്യക്തമാക്കിയാല്‍ മാത്രമേ കൃത്യമായ മറുപടി നല്‍കാനാകൂവെന്നും അന്‍സിബ പറഞ്ഞു.
നടി ലക്ഷ്മി പ്രിയയുമായും നടന്‍ ടിനി ടോമുമായും ഉണ്ടായ പ്രശ്‌നങ്ങള്‍ വ്യക്തിപരമായതാണെന്നും അതില്‍ അമ്മ സംഘടനയ്ക്ക് ബന്ധമില്ലെന്നും അന്‍സിബ വ്യക്തമാക്കി. അമ്മയില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയ്യാറായിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് തന്റെ അവകാശമാണെന്നും അന്‍സിബ മറുപടിയില്‍ പറഞ്ഞു.
സംഘടനയെ മോശമായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നാരോപിച്ചാണ് അമ്മ അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സംഘടനയുടെ പ്രതിച്ഛായയ്ക്ക് കേടുവരുത്തുകയും പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്തുവെന്നാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം, അന്‍സിബ വനിതാ എസ്‌ഐയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടന്‍ ടിനി ടോമിനെതിരെ നല്‍കിയ പരാതിയിലും അന്വേഷണം തുടരുകയാണ്. തനിക്കെതിരെ സൈബര്‍ അധിക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതി. കേസില്‍ നടി നീനാ കുറുപ്പ് പ്രധാന സാക്ഷിയാണ്. ടിനി ടോമിന്റെയും നീനാ കുറുപ്പിന്റെയും മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും.






