തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്താണ് പിടിയിലായത്. മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി ക്ഷേത്രത്തിലേക്ക് കടക്കുന്നതും പൂട്ട് പൊളിച്ച് പണം മോഷ്ടിച്ച് മടങ്ങുന്നതും വ്യക്തമായി കണ്ടെത്തി. പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നത്. സിസിടിവി ശ്രദ്ധിക്കാതെയാണ് പ്രതി ക്ഷേത്രപരിസരത്തേക്ക് കടന്നത്. ഇതോടെ ദൃശ്യങ്ങളിൽ പ്രതിയുടെ മുഖവും വ്യക്തമായി പതിഞ്ഞിരുന്നു.
ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. തുടർന്ന് പെരുമ്പഴുതൂരിൽ നിന്ന് പ്രശാന്തിനെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ പ്രതിയെ പൊലീസ് ഉടൻ തിരിച്ചറിഞ്ഞതായി അറിയിച്ചു. ഇയാൾക്കെതിരെ മറ്റ് മോഷണക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.






