തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ കെബി പ്രദീപ് രാജിവെച്ചു. നിയമനം വിവാദത്തിലായതിനെ തുടർന്നാണ് രാജി. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം പദവി ഒഴിഞ്ഞത്.
സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട അഭിഭാഷകനായ പ്രദീപിനെ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സർക്കാർ നിയമിച്ചതാണ് വലിയ വിവാദത്തിന് കാരണമായത്. ഒരിക്കൽ സ്വർണം പൂശിയ പാളികളിൽ വീണ്ടും സ്വർണം പതിപ്പിക്കാനുള്ള സാങ്കേതിക സംവിധാനമില്ലെന്നും, കേസിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും അദ്ദേഹം മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതോടെ പ്രദീപിന്റെ നിയമനത്തെ പ്രതിപക്ഷവും വിവിധ കോണുകളും ചോദ്യം ചെയ്തിരുന്നു. ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളിൽ അദ്ദേഹം തന്നെ മുഴുവൻ ചുമതല ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായതും വിമർശനത്തിന് കാരണമായി. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ്. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവാദം ശക്തമായതിനെ തുടർന്ന് കെ.ബി. പ്രദീപ് ദേവസ്വം സ്പെഷ്യൽ പ്ലീഡർ പദവിയിൽ നിന്ന് രാജിവെച്ചത്.





