കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മർദ്ദം മൂലമാണ് സർക്കാർ പദ്ധതിയിൽനിന്ന് പിന്നോട്ടുപോകുന്നതെന്നാണ് സുരേന്ദ്രന്റെ ആരോപണം.
മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ഭരണം ലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണ് നിയന്ത്രിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ജനങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ പിന്നോട്ടുപോകുന്നത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു. ലീഗിന്റെ സമ്മർദ്ദമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
യുഡിഎഫിൽ പല വിഷയങ്ങളിലും ചർച്ച നടക്കുന്നില്ലെങ്കിലും മുസ്‌ലിം ലീഗുമായി മുഖ്യമന്ത്രി കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ പദവിയെയും അദ്ദേഹം വിമർശിച്ചു.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനാണ് തുടർനടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്നാണ് വിവരം.
മുസ്‌ലിം ലീഗിനുള്ളിൽ പദ്ധതിക്കെതിരെ വിവിധ തലങ്ങളിൽ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ഉപസമിതി യോഗം ഉൾപ്പെടെയുള്ള തുടർനടപടികളും നിലവിൽ താൽക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്.




