ഗുവാഹത്തി: അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് ആധാർ കാർഡ് ലഭിക്കുന്നത് തടയാൻ അസം സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ നിബന്ധനകൾ പ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് നിലവിലുള്ള രീതിയിൽ ആധാർ രജിസ്ട്രേഷൻ നടത്താം. എന്നാൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന നടത്തും. അപേക്ഷകരുടെ വിവരങ്ങൾ പരിശോധിച്ച ശേഷം ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മിഷണർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും തേയിലത്തോട്ട തൊഴിലാളി സമൂഹത്തിനും ഈ നിയന്ത്രണത്തിൽ നിന്ന് താത്കാലിക ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് അടുത്ത മാർച്ച് വരെ ആധാർ രജിസ്ട്രേഷൻ നടത്താൻ സാധിക്കും.
ആധാർ രജിസ്ട്രേഷൻ നടപടികളിലെ വീഴ്ചകൾ പരിഹരിക്കുകയും തിരിച്ചറിയൽ പരിശോധന കൂടുതൽ ശക്തമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ച് ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ആധാർ കാർഡ് ലഭിക്കുന്നത് തടയാനാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.




