അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കായുള്ള ഔട്ട്സോഴ്സിങ് ഏജൻസിയിൽ മാറ്റം വരുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് ഗ്ലോബൽ എന്നിവയ്ക്ക് പകരമായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെയാണ് പുതിയ സേവനദാതാവായി തെരഞ്ഞെടുത്തത്.
ടെൻഡർ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് പാസ്പോർട്ട്, വിസ അപേക്ഷകൾ സ്വീകരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്ന ചുമതല അൽഹിന്ദിന് കൈമാറിയത്. പുതിയ സംവിധാനം 2026 ജൂലൈ 1 മുതൽ നിലവിൽ വരും. ജൂൺ 30 വരെ നിലവിലെ ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക. ജൂലൈ 1 മുതൽ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും അൽഹിന്ദിന്റെ പുതിയ കേന്ദ്രങ്ങൾ മുഖേന കൈകാര്യം ചെയ്യും.
യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി 16 പുതിയ കോൺസുലർ സേവന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ഇന്ത്യൻ മിഷനുകളുമായി അൽഹിന്ദ് ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
അബുദാബിയിൽ അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളും ദുബായിൽ ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് എന്നിവിടങ്ങളിൽ രണ്ടു കേന്ദ്രങ്ങളും പ്രവർത്തിക്കും. ഷാർജയിൽ അൽ മജാസ്, റോള എന്നിവിടങ്ങളിൽ രണ്ടു കേന്ദ്രങ്ങൾ ഉണ്ടാകും. കൂടാതെ അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ആരംഭിക്കും.
പുതിയ കേന്ദ്രങ്ങളുടെ വിലാസം, പ്രവർത്തന സമയം, അപ്പോയിന്റ്മെന്റ് നടപടിക്രമങ്ങൾ, സേവന നിരക്കുകൾ, ബന്ധപ്പെടേണ്ട നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് എംബസി അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ കാര്യക്ഷമവും തടസ്സരഹിതവുമായ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി അബുദാബി ഇന്ത്യൻ എംബസിയുടെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളും സ്ഥിരീകരിച്ച സാമൂഹികമാധ്യമ അക്കൗണ്ടുകളും മാത്രമേ ആശ്രയിക്കാവൂ എന്നും വ്യാജവാർത്തകളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.




