പാൽഗർ: മഹാരാഷ്ട്രയിലെ പാൽഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിജിത് മെണ്ഡാൾ (36) എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വസായിയിലെ ഒരു ഫുട്ബോൾ പരിശീലന അക്കാദമിയിൽ പരിശീലനം നേടിയിരുന്ന 17-കാരിയെ മൂന്ന് വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മികച്ച അവസരങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തുടർച്ചയായി ഭയപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. 2023-ലാണ് പെൺകുട്ടി അക്കാദമിയിൽ ചേർന്നത്.
ഇയാളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പലതവണ ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് മാണിക്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






