പത്തനംതിട്ട: സിപിഐഎം ജില്ലാ കമ്മിറ്റി യോഗം നാളെ ചേരാനിരിക്കെ നേതൃത്വത്തിന് സമ്മർദ്ദവുമായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാർ. പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ശബരിമല സ്വർണക്കൊള്ള കേസും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തു പറയുമെന്നാണ് പത്മകുമാർ പറയുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളോടാണ് ഇക്കാര്യം പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ശബരിമല യുവതീ പ്രവേശന സമയത്ത് ഒരു ഉന്നതനിൽ നിന്ന് ഫോൺ വന്നതായും തിരുവനന്തപുരത്തേക്ക് ഉടൻ എത്താൻ നിർദേശം ലഭിച്ചതായും പത്മകുമാർ ആരോപിച്ചു. എന്നാൽ അവിടെ എത്തിയിട്ടും ഉന്നതനെ കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെയും എഡിജിപി എസ്. ശ്രീജിത്തിനെയും യുവതീ പ്രവേശന വിഷയത്തിൽ നിന്ന് മനപ്പൂർവം മാറ്റിനിർത്തിയതാണെന്നും, അതിന് ശേഷമാണ് യുവതികളെ മല കയറ്റിയതെന്നും പത്മകുമാർ ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട രജിസ്റ്ററിൽ ‘ചെമ്പു പാളി’ എന്ന് എഴുതിയത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ, പത്മകുമാർ ആത്മകഥ എഴുതാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അത് അദ്ദേഹം നിഷേധിച്ചു. ആത്മകഥ എഴുതുന്നില്ലെന്നും ആ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.






