കോഴിക്കോട്: യൂട്യൂബറും ഓൺലൈൻ ഗെയിമറുമായ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ക്കെതിരായ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി സൈബർ പൊലീസാണ് അന്വേഷണം നടത്തുന്നത്.
ലഹരി ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സൈബർ ഓപ്പറേഷൻ വിഭാഗത്തിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഡിജിപിയുടെ നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് നടപടി. കേസിന്റെ അന്വേഷണ ചുമതല സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകന് നൽകിയിട്ടുണ്ട്.
ഇതിനിടെ, തൊപ്പിയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മമ്മു (മുഹമ്മദ്), ഷമീർ എന്നിവരെയും കുറിച്ച് പരസ്പര ആരോപണങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. ലഹരി ഉപയോഗം, പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്യുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട ചില വീഡിയോ തെളിവുകളും പുറത്തുവന്നിരുന്നു. ആരോപണങ്ങൾക്കെതിരെ തൊപ്പിയും രംഗത്തെത്തി. തന്റെ പേരിൽ വരുന്ന ആരോപണങ്ങൾ റീച്ചിനായി ഉണ്ടാക്കിയതാണെന്നും, നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും തൊപ്പി പറഞ്ഞു.





