കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി എറണാകുളത്തെ ഒരു സ്വകാര്യ ബസ് ഉടമ. ആലുവ-മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ എന്ന സ്വകാര്യ ബസാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ റൂട്ടിൽ കൂടുതലും KSRTC തന്നെയാണ്.
ജൂൺ 15 മുതലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുത്. അന്നേ ദിവസം ലിറ്റിൽ ഫ്ലവർ ബസിൽ പുരുഷന്മാർക്ക് ടിക്കറ്റ് നിരക്ക് ഈടാക്കില്ലെന്ന് ബസുടമ വട്ടപ്പറമ്പ് സ്വദേശി ഡേവിസ് വ്യക്തമാക്കി. രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള ട്രിപ്പുകളിലെല്ലാം ലിറ്റിൽ ഫ്ലവറിൽ പുരുഷന്മാർക്ക് സൗജന്യമായി യാത്ര ചെയ്യാം. സ്വകാര്യ ബസിനെ കൈവിടാത്ത സ്ത്രീകൾക്ക് മധുരം നൽകി സ്വീകരിക്കുകയും ചെയ്യും.
സർക്കാരിന്റെ പുതിയ പദ്ധതി മൂലം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുകയും വരുമാനത്തെ ബാധിക്കുകയും ചെയ്യും. യാത്രക്കാരിൽ കൂടുതലും വനിതകളായതിനാൽ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നും ഡേവിസ് പറയുന്നു.






