കോഴിക്കോട്: ആറ് മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് പകരമായി കാലിലെ വിരൽ വിജയകരമായി വച്ചുപിടിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്.
അപകടത്തിൽ 37കാരന്റെ ഇടത് കൈയിലെ തള്ളവിരൽ പൂർണമായും വേർപെട്ടിരുന്നു. ഇതോടെ കൈയുടെ പ്രവർത്തനക്ഷമത ഗണ്യമായി കുറഞ്ഞതും ദൈനംദിന ജീവിതം പ്രതിസന്ധിയിലായതുമാണ് ചികിത്സയ്ക്ക് വഴിവെച്ചത്.
‘സെക്കൻഡ് ടോ-ടു-തമ്പ് ട്രാൻസ്ഫർ’ എന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് കാലിലെ രണ്ടാമത്തെ വിരൽ കൈയിലെ തള്ളവിരലിന് പകരമായി മാറ്റിവെച്ചത്. ഘട്ടംഘട്ടമായ പുനർനിർമാണ ചികിത്സയ്ക്കുശേഷമാണ് അന്തിമ ശസ്ത്രക്രിയ നടത്തിയത്.
ആദ്യം ട്യൂബ്ഡ് ഗ്രോയിൻ ഫ്ലാപ്പ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മൃദുകോശങ്ങളെ ശസ്ത്രക്രിയയ്ക്ക് അനുയോജ്യമാക്കി. തുടർന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്കുലാർ സെക്കൻഡ് ടോ ട്രാൻസ്ഫർ ശസ്ത്രക്രിയയിലൂടെ വിരൽ പുനഃസ്ഥാപിച്ചു. ഈ പ്രക്രിയയിൽ വിരൽ കൈയിലേക്ക് മാറ്റിവെക്കുകയും രക്തക്കുഴലുകളും നാഡികളും സൂക്ഷ്മമായി പുനഃസംയോജിപ്പിക്കുകയും ചെയ്തു.
രോഗിക്ക് നിലവിൽ പുനരധിവാസ ചികിത്സയും ഫിസിയോതെറാപ്പിയും നൽകിവരികയാണ്. കൈയുടെ പ്രവർത്തനക്ഷമത പരമാവധി വീണ്ടെടുക്കാൻ തുടർചികിത്സകൾ പുരോഗമിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.






