ബാന്ദ: ഉത്തർപ്രദേശിലെ ബാന്ദയിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി. 19 വയസ്സുകാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്.
അയൽവാസിയായ ലളിത് വർമയുമായി പ്രണയത്തിലായിരുന്ന ശിവാനി, മെയ് 18-ന് വീട്ടിൽ നിന്ന് ഇറങ്ങി യുവാവിനൊപ്പം പോകുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. തുടർന്ന് യുവാവിനെതിരെ ശിവാനിയുടെ കുടുംബം പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശിൽ നിന്ന് ദമ്പതികളെ ബാന്ദയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്നും വിവാഹത്തിന്റെ രേഖകൾ കൈവശമുണ്ടെന്നും ഇരുവരും പൊലീസിനോട് വ്യക്തമാക്കി.
ചോദ്യം ചെയ്യലിനിടെ സ്റ്റേഷനിലെത്തിയ മാതാപിതാക്കൾ, ഭർത്താവിനെ ഉപേക്ഷിച്ച് തങ്ങളോടൊപ്പം വരാൻ ശിവാനിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതി അതിന് തയ്യാറാകാതിരുന്നതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു.
ഇതിനിടെ യുവതിയുടെ അമ്മ പിന്നിൽ നിന്ന് പിടിച്ചുനിർത്തുകയും പിതാവ് കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ വയറിനും കൈപ്പത്തിക്കും ഗുരുതരമായി പരിക്കേറ്റ ശിവാനിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിൽ യുവതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






