തിരുവനന്തപുരം: അവതാരങ്ങൾ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഇങ്ങനെയുള്ള അവതാരങ്ങൾ കൂടെ ചുറ്റിപ്പറ്റി നടന്നോ എന്ന് അന്വേഷിക്കണം. അതാണ് ബിനോയ് വിശ്വം ആദ്യം ചെയ്യേണ്ടതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
ഏതെങ്കിലും അവതാരങ്ങൾ ഭരണത്തിലും, ഭരണത്തിന്റെ സ്ഥാനങ്ങളിലും കടന്നുവന്നോ എന്ന് ഗൗരവമായി പരിശോധിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ അഭിപ്രായം തീർച്ചയായും അന്വേഷിക്കണം. അങ്ങനെ അന്വേഷിക്കുന്നത് നല്ലതാണ്. അതിൽ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന എല്ലാ പാർട്ടികൾക്കും അതിന്റെ ബാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ ഒരു പ്രശ്‌നവും നിലവിലില്ല. അതേപ്പറ്റി ആരും ശങ്കിച്ചു നിൽക്കേണ്ടതില്ല. അതൊക്കെ അതിന്റെ വഴിക്ക് വന്നോളും. അതേപ്പറ്റി മാധ്യമങ്ങൾ ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.






