ന്യൂയോർക്ക്: ലോകകപ്പ് ചരിത്രത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഒരു കുഞ്ഞൻ രാജ്യം. നാല് തവണ ലോകചാമ്പ്യന്മാരായ ജർമനിക്കെതിരെ മത്സരം ഒരു ഘട്ടത്തിൽ 1-1ന് ഒപ്പമെത്തിക്കാനുമായി കുറസാവോയ്ക്ക്. എന്നാൽ പിന്നീട് അങ്ങോച്ച് ജർമൻ താരങ്ങൾ ഗോളടിക്കാൻ ക്യൂ നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ക്യുറസാവോയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ജർമൻ താരങ്ങൾ രണ്ടാം പകുതിയിലെ ഓരോ പത്തു മിനിറ്റു കൂടുമ്പോഴും ഗോളുകളുമായെത്തുമ്പോൾ, കാര്യമായി പ്രതിരോധിക്കാൻ പോലും സാധിക്കാതെ പതറിപ്പോയി കന്നി ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ക്യുറസാവോ. ഒടുവിൽ വിസിൽ വീഴുമ്പോൾ സ്കോർ 7-1.
ലോകകപ്പിലെ ഇത്തിരി കുഞ്ഞൻമാരായ ക്യുറസാവിനെതിരെ ജർമൻ സർവാധിപത്യമാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിൽ ആദ്യ 25 മിനിറ്റിനിടെ മറിച്ചാണ് കാര്യങ്ങൾ നടന്നത്. പതിവു പോലെ ജർമനിയുടെ ആക്രമണം തുടക്കം മുതൽ തന്നെ വന്നു. ആറാം മിനിറ്റിൽ അവർ ലീഡുമെടുത്തു. ന്നാലെ ക്യുറസാവ് താരങ്ങൾ ജർമൻ ബോക്സിലേക്ക് ഇരച്ചു കയറാൻ തുടങ്ങി. ജർമനിയുടെ രണ്ടാം ഗോൾ ഇപ്പം വരും എന്നു ആരാധകർ പ്രതീക്ഷിച്ചു നിൽക്കെ ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച് ക്യുറസാവ് തങ്ങളുടെ ആദ്യ ലോകകപ്പിലെ ആദ്യ കളിയുടെ 21ാം മിനിറ്റിൽ തന്നെ സമനില ഗോൾ കണ്ടെത്തി ജർമനിയുടെ നെഞ്ച് തകർത്തു. ലിവാനോ കോമനെൻസിയയാണ് ക്യുറസാവിന്റെ സമനില ഗോൾ നേടിയത്.
പിന്നീട് കുറസാവോ നിലംതൊട്ടില്ല. ഇരട്ടഗോളുമായി കയ് ഹവേർട്‌സ് ജർമൻ നിരയെ നയിച്ചു. നിക്കോ സ്‌ക്ലോട്ടെർബെക്ക്, ഫെലിക്‌സ് നെമേച്ച, ജമാൽ മുസിയാല, നതാനിയേൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവരും ഗോളടിച്ചു. 7-1 എന്ന സ്കോർലൈൻ ആണ് ബ്രസീൽ ആരാധകരെ ആ നശിച്ച ദിവസത്തിന്റെ ഓർമകളിലേക്ക് വീണ്ടും കൊണ്ടെത്തിച്ചത്.






