തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ചെങ്കൽപ്പെട്ട് കുടുംബ കോടതി ഓഗസ്റ്റ് 7-ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ ഇരുവരും അപേക്ഷിച്ചിരുന്നെങ്കിലും കോടതി അതിന് അനുമതി നൽകിയില്ല. കൂടാതെ, ഇരുവരുടെയും ഇ-മെയിൽ ഐഡി ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കാൻ കോടതി നിർദേശം നൽകി.
നിശ്ചിത രീതിയിൽ വക്കാലത്ത് സമർപ്പിക്കാത്തതിനെക്കുറിച്ച് സംഗീതയുടെ അഭിഭാഷകനോട് കോടതി വിശദീകരണം തേടി. വിജയും സംഗീതയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചുവെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ഇന്നത്തെ നടപടികളിൽ അതുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഉണ്ടായില്ലെന്ന് വിവരം.
26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിരുന്നു.
വിജയുടെ രാഷ്ട്രീയ പരിപാടികളിലും പ്രധാന ചടങ്ങുകളിലും സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും, നടി തൃഷയുമായി ബന്ധപ്പെട്ട ഗോസിപ്പുകളും നേരത്തെ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.





