കൊല്ലം: കൊല്ലത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏഴാംമൈൽ സെന്റ് തോമസ് റെസിഡൻസ് സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഏഴ് വയസ്സുകാരനാണ് രോഗബാധിതനായത്. പോരുവഴി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിലേക്ക് പുറത്തുനിന്ന് എത്തിച്ച കുടിവെള്ളത്തിൽ നിന്നാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഒന്നര ആഴ്ച മുൻപ് ഇതേ സ്കൂളിലെ നൂറിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് താൽക്കാലികമായി അടച്ചിട്ട സ്കൂൾ ഇതുവരെ തുറന്നിട്ടില്ല. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടിയില്ലെന്നതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് രണ്ടുപേർ മരിച്ചു. മലപ്പുറത്തും തൃശൂരിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മലപ്പുറം സ്വദേശിയായ ഏഴ് വയസ്സുകാരനും തൃശൂർ കൊടകരയിൽ താമസിച്ചിരുന്ന 43-കാരനുമാണ് മരിച്ചത്. ഇതോടെ ഈ വർഷം ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.
കണ്ണൂർ മൊകേരിയിൽ നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ഇതിനിടെ, നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗി വെന്റിലേറ്ററിലാണുള്ളത്. അടുത്ത ബന്ധുവിനെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആകെ ആറുപേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോടും ഇടുക്കിയിലുമായി നാല് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടിയിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലേറിയ ബാധ കണ്ടെത്തിയത്.
തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 14,297 പേർ പനിക്കായി ചികിത്സ തേടി. ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ദിനംപ്രതി 500-ലേറെ പേർ ചികിത്സ തേടുന്നുണ്ട്. കൂടാതെ 45 പേർക്ക് ഇൻഫ്ലുവൻസ, 40 പേർക്ക് ഡെങ്കിപ്പനി, ഏഴ് പേർക്ക് എലിപ്പനി, എട്ട് പേർക്ക് മഞ്ഞപ്പിത്തം എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.






