മലപ്പുറം: അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർഥിയുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ലഹരിവിരുദ്ധ പ്രത്യേക നീക്കമായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് നടപടി സ്വീകരിച്ചത്.
പൂക്കളത്തൂർ സ്വദേശികളായ മുഹമ്മദ് ദിൽഷാദ്, ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനിയായ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 14 ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതികളിൽ രണ്ട് പേർ നേരത്തെ ലഹരിക്കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയവരാണെന്നും പൊലീസ് വ്യക്തമാക്കി. മഞ്ചേരി, അരീക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിവിൽപ്പനയും വിതരണ ശൃംഖലകളും കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസും ഡാൻസാഫും അറിയിച്ചു.






