ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരവും പട്ടികജാതി–പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും (SC/ST Act) കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർച്ചയായ പീഡനം കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ബാധിച്ചതായും, ബോർഡ് പരീക്ഷയിലെ പ്രകടനം താഴ്ന്നതിന് ഇതും കാരണമായതായും പരാതിയിൽ പറയുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി പരീക്ഷാ തയ്യാറെടുപ്പിനായാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സമയത്ത് പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥി വീട്ടിലേക്ക് മടങ്ങിയെങ്കിലും, അതിനുശേഷവും പ്രതി ഫോൺ വഴി ബന്ധപ്പെടുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.
കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ച കുടുംബം ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.






