ലക്‌നൗ: ഉത്തർപ്രദേശിലെ ജ്വല്ലറിയിൽ മോഷണം. ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. കേസിൽ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി.
ഷോറൂമിലെ ജീവനക്കാരനായ നിതിൻ വർമ്മ (24), ഇയാളുടെ കാമുകി കാജൽ (22), പിതാവ് സഞ്ജയ് വർമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തിനുള്ള പണം കണ്ടെത്താനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
ജൂൺ 12-ന് പുലർച്ചെ ഗാസിയാബാദിലെ രാജ് നഗർ ഡിസ്ട്രിക്റ്റ് സെന്ററിലെ ഷോറൂമിലാണ് സിനിമാ രീതിയിലുള്ള കവർച്ച നടന്നത്. മുൻദിനം നിതിൻ നടത്തിയ പാർട്ടിയിൽ സഹപ്രവർത്തകനായ കാഷ്യറെ മദ്യലഹരിയിലാക്കി ഷോറൂമിന്റെ താക്കോൽ കൈക്കലാക്കി.
പിന്നീട് ഔദ്യോഗിക യൂണിഫോം ധരിച്ച് കൂട്ടാളിയോടൊപ്പം ഷോറൂമിലെത്തിയ നിതിൻ, മോഷ്ടിച്ച താക്കോൽ ഉപയോഗിച്ച് ഷട്ടർ തുറന്ന് വെറും 25 മിനിറ്റിനുള്ളിൽ ആഭരണങ്ങൾ കവർന്നെന്നാണ് കണ്ടെത്തൽ.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിൽ ജൂൺ 16-ന് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് ഏകദേശം 3.10 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും ഒരു തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.
കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. കേസ് വേഗത്തിൽ തെളിയിച്ച അന്വേഷണ സംഘത്തിന് ഡെപ്യൂട്ടി കമ്മീഷണർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.






