പത്തനംതിട്ട: പത്തനംതിട്ടയിലെ എലോഹിം ഗ്ലോബൽ വേഴ്ഷിപ്പ് സെന്ററിൽ 17കാരന് ക്രൂരമായ മർദനമേറ്റ സംഭവത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇടുക്കി അണക്കരയിൽ ഇന്നലെ രാത്രിയാണ് പത്തനംതിട്ട ഇലവുംതിട്ട പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
കുടുംബത്തോട് കുട്ടിയുമായി പത്തനംതിട്ടയിൽ എത്താനാണ് ആദ്യം പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടതിനെ തുടർന്ന് കുട്ടിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, അതേ സ്ഥാപനത്തിന് കീഴിലുള്ള സ്‌നേഹത്തണൽ വൃദ്ധസദനത്തിലും മറ്റൊരു കുട്ടിക്ക് മർദനമേറ്റതായി റിപ്പോർട്ടുണ്ട്. കാലിലും കൈയിലും പുറത്തുമാണ് പരിക്ക്. കോട്ടയം സ്വദേശിയായ 17കാരനാണ് മർദനമേറ്റത്. തുടർന്ന് ശിശുക്ഷേമ സമിതി കുട്ടിയെ മറ്റൊരു ഷെൽട്ടർ ഹോമിലേക്ക് മാറ്റി. മഞ്ഞനിക്കരയിലെ വൃദ്ധസദനത്തിൽ നിന്നും അന്തേവാസികളെ ഇന്നലെ തന്നെ മാറ്റിയിരുന്നു.
സ്ഥാപനത്തിൽ നടക്കുന്ന ക്രൂരപീഡനങ്ങളെ കുറിച്ച് മുൻ ജീവനക്കാരിയും വെളിപ്പെടുത്തിയിട്ടുണ്ട്. വലിയ വടികൾ ഉപയോഗിച്ച് കുട്ടികളെ മർദിക്കുന്നതായും കാരണമില്ലാതെ ആക്രമണങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു. “സ്ഥാപനം ജയിൽ പോലെയാണ്” എന്നും അവർ പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ചാണ് ഇടുക്കി സ്വദേശിയായ 17കാരനെ മർദിച്ചത്. മാനേജർ അടക്കം മൂന്ന് പേരെയാണ് കേസിൽ പ്രതികളാക്കിയത്. റെജി, ബെന്നി, സിജോ എന്നിവരാണ് പ്രതികൾ. കേസ് കട്ടപ്പന പൊലീസിൽ നിന്ന് പത്തനംതിട്ട പൊലീസിന് കൈമാറും.
പഠനവും ജോലിയും വാഗ്ദാനം ചെയ്ത് സ്ഥാപനത്തിൽ എത്തിച്ച കുട്ടിയെ മൂന്നു മാസമായി അവിടെ താമസിപ്പിച്ചിരുന്നതായി പറയുന്നു. പിന്നീട് പഠനം ലഭിക്കാതെയും ജോലികൾ മാത്രം ചെയ്യേണ്ടിവന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനമുണ്ടായതെന്നാണ് ആരോപണം.






