പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ പ്രതിയായ വിനോദിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
വാക്കുതർക്കത്തിനിടെ യുവതിയെ തള്ളിയപ്പോൾ തല കല്ലിൽ ഇടിച്ചതാണ് മരണകാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആദ്യം കുറ്റം നിഷേധിച്ചിരുന്നെങ്കിലും രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ഇൻക്വസ്റ്റ് നടപടികളിൽ യുവതിയുടെ ശരീരത്തിൽ വലിച്ചിഴച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗക്കുറ്റം സംബന്ധിച്ച ആരോപണങ്ങൾ പ്രതി സമ്മതിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ഗവിയിലെ വനമേഖലയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ വിനോദ് ആക്രമിച്ചെന്നാണ് പ്രാഥമിക വിവരം.






