തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 600 കോടി രൂപ വകയിരുത്തി. നിയമസഭയിൽ വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി വി ഡി സതീശൻ ഈ പദ്ധതിയെ പരാമർശിച്ചിരുന്നു. കൂടാതെ ആശാ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും അനുവദിച്ചു.
വാർഷിക പദ്ധതി അടങ്കൽ ഇത്തവണ കുറച്ചിട്ടുണ്ട്. 30,370 കോടി രൂപയായാണ് വാർഷിക പദ്ധതി അടങ്കൽ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാർ ബജറ്റിൽ കണക്കാക്കിയ കേന്ദ്ര വിഹിതം ലഭിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ കുറവ് ഉണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങളെ തുടർന്ന് കേന്ദ്ര സർക്കാരിനെ വിമർശിച്ചും അദ്ദേഹം സംസാരിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിച്ചതായും ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.






