കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസറും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.
പെരുമ്പാവൂർ എ.എം. റോഡിലെ ഫെഡറൽ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. 72 ഗ്രാം മുക്കുപണ്ടം സ്വർണമായി കാണിച്ച് പണയംവെച്ച് പ്രതികൾ 6 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
അതേ ബാങ്കിലെ താൽക്കാലിക അപ്രൈസറായ ജഗദീഷ് പണയം വെച്ചത് സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തി. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ ഇത് മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് പ്രതികളെ മറ്റൊരു കാര്യം പറഞ്ഞ് ബാങ്കിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് പെരുമ്പാവൂർ പൊലീസ് എത്തി മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




