മുംബൈ: ബലാത്സംഗക്കേസിൽ പ്രതിയായ 18-കാരന് ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി മുംബൈയിലെ പ്രത്യേക പോക്സോ കോടതി നാല് ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിച്ചു.
നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ 50,000 രൂപയുടെ ബോണ്ടിന്റെയും സമാന തുകയുടെ ജാമ്യവ്യവസ്ഥയുടെയും അടിസ്ഥാനത്തിൽ ജൂൺ 18 മുതൽ 21 വരെ മോചിപ്പിക്കാനാണ് പ്രത്യേക ജഡ്ജി എസ്.ആർ. ശർമ്മ ഉത്തരവിട്ടത്. പരീക്ഷയ്ക്ക് ശേഷം ജൂൺ 22-ന് ഉച്ചയ്ക്ക് 2 മണിക്കകം പ്രതി വീണ്ടും ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗ കുറ്റങ്ങൾക്കും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്കും കീഴിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കുന്നതിനും പുനരധിവാസത്തിനും അവസരം നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കപിൽ വിശ്വാസ് സോഡ്ഗെ കോടതിയിൽ വാദിച്ചത്. പോലീസ് കാവലിൽ കഴിയുന്ന സാഹചര്യത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് പ്രതിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രോസിക്യൂഷൻ ഹർജിയെ ശക്തമായി എതിർത്തു. താൽക്കാലിക ജാമ്യം അനുവദിക്കുകയാണെങ്കിൽ പോലും നാല് ദിവസത്തിന് പകരം പോലീസ് കാവലിൽ ഒരു ദിവസത്തേക്ക് മാത്രം പരീക്ഷയിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
എന്നാൽ, ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റും താൽക്കാലിക നീറ്റ് അഡ്മിറ്റ് കാർഡും ഉൾപ്പെടെയുള്ള രേഖകൾ പ്രതിഭാഗം സമർപ്പിച്ചതോടെ ജാമ്യം അനുവദിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷൻ ഉന്നയിച്ച ആശങ്കകൾ കർശന വ്യവസ്ഥകളിലൂടെ പരിഹരിക്കാമെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരിയെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ കർശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരീക്ഷയിൽ പങ്കെടുക്കുമെന്ന ഉറപ്പ് കോടതിക്ക് നൽകുകയും പിന്നീട് പരീക്ഷയിൽ പങ്കെടുത്തതിന്റെ തെളിവ് ഹാജരാക്കുകയും വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.






