പട്‌ന: ഭാര്യയെ കാണാതായതിനെ തുടർന്ന് ഒരു യുവാവ് നടത്തിയ നിരന്തര പോരാട്ടം ഒടുവിൽ പുറത്തുകൊണ്ടുവന്നത് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ്. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം. രണ്ടര മാസമായി കാണാതായിരുന്ന 19-കാരിയായ സുജാത കുമാരിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ചെറുപ്പം മുതൽ സുഹൃത്തുക്കളായിരുന്ന സുജാതയും ഗൗരീശങ്കറും പിന്നീട് പ്രണയത്തിലായി. ഒരേ സ്കൂളിൽ പഠിച്ച ഇരുവരും വർഷങ്ങളോളം പ്രണയത്തിലായിരുന്ന ശേഷം വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ ഇതരജാതിക്കാരനായ ഗൗരീശങ്കറുമായുള്ള ബന്ധത്തെ സുജാതയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിൽ കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് ഇരുവരും ഹരിയാനയിലേക്ക് പോയി വിവാഹിതരായി. തുടർന്ന് ഗൗരീശങ്കറിനെതിരെ സുജാതയുടെ കുടുംബം തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനൊടുവിൽ ഇരുവരെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ, ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് സുജാത വ്യക്തമാക്കിയിരുന്നു. തുടർന്ന് നിയമനടപടികളുടെ ഭാഗമായി സുജാത സ്വന്തം വീട്ടിലേക്ക് മടങ്ങി.
മാർച്ച് 31-നാണ് ഗൗരീശങ്കർ അവസാനമായി ഭാര്യയുമായി സംസാരിച്ചത്. അതിന് ശേഷം സുജാതയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ഗൗരീശങ്കർ ആശങ്കയിലായി. ഭാര്യയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്ന് സംശയിച്ച അദ്ദേഹം പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചു.
തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നീതി തേടി പ്രചാരണം ആരംഭിച്ച ഗൗരീശങ്കർ, അന്വേഷണം നടത്താത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പും നൽകി. ഇതോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് വിശദമായി പരിശോധിച്ചത്.
അന്വേഷണം സുജാതയുടെ സഹോദരൻ അഭിഷേക് കുമാറിലേക്കാണ് എത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ സുജാതയെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭർത്താവിനൊപ്പം വീണ്ടും പോകുമെന്ന ഭയത്താലാണ് കുടുംബം ഈ നടപടി സ്വീകരിച്ചതെന്നും മെയ് 8-ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം കത്തിച്ചുകളഞ്ഞതായും മൊഴിയിൽ പറയുന്നു.
സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ അഞ്ച് പേരോളം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കെതിരായ അറസ്റ്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.





