വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നീക്കങ്ങളുടെ ശ്രെമമായി യുഎസും- ഇറാൻ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്‌സർലൻഡിലേക്ക് തിരിച്ചു. എന്നാൽ വെടിനിർത്തൽ കരാർ നിലവിലിരിക്കെ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയിൽ വീണ്ടും ആശങ്ക വർധിപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയും ഉൾപ്പെടുന്ന സംഘങ്ങളാണ് സ്വിറ്റ്‌സർലൻഡിൽ ചർച്ചകൾക്കായി എത്തുന്നത്. ആണവപരിപാടി, ഉപരോധങ്ങൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കൽ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം തെക്കൻ ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു . ഒരു കുടുംബത്തിലെ നാല് പേരും ഒരു ലെബനൻ സൈനികനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈനിക നടപടി നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെ തുടർന്ന് യുഎസ്-ഇറാൻ ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ സമാധാന ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഇറാന്റെ പക്ഷം . അതേസമയം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അമേരിക്ക അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ആശങ്കയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്




